പതിനാലാം വയസ്സിലാണ് എനിക്ക് ആദ്യമായൊരു മെയ്ക്കപ്പ് ബോക്സ് കിട്ടുന്നത്. ആദ്യത്തെ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അപ്പാ നല്‍കിയ സമ്മാനമായിരുന്നു അത്. ഞാനത് ടപ്പേന്ന് തുറന്നു, നേര്‍ത്തൊരു സുഗന്ധം എന്റെ നാസാരന്ധ്രങ്ങളെ ഇക്കിളിയൂട്ടി. അതിനുള്ളില്‍ ഒതുക്കമുള്ളൊരു സമചതുരക്കട്ട, ചെറിയൊരു ബ്രഷ്, പര്‍പ്പിളും ഓറഞ്ചും ബ്രൌണും നിറങ്ങളിലുള്ള ഐ ഷാഡോ ക്രീമുകള്‍, ചുവപ്പും മറൂണും ഓറഞ്ചും പിങ്കും നിറങ്ങളിലുള്ള ലിപ്‌സ്റ്റിക്ക് ടാബ്‌ലറ്റുകള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. അതിന് മുമ്പ് ഒരൊറ്റത്തവണ മാത്രമാണ് ഞാന്‍ ലിപ്‌സ്റ്റിക്ക് ഉപയോഗിച്ചിട്ടുണ്ടായിരുന്നത്, സ്കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍. ഞങ്ങളുടെ ആംഗ്ലോ ഇന്ത്യന്‍ മിസ്സ് കൊയര്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെ ചുണ്ടിലും ഫയറെഞ്ചിന്‍ ചുവപ്പ് നിറത്തിലുള്ള ലിപ്‌സ്റ്റിക്ക് പുരട്ടിത്തന്നു, കണ്ണുപറ്റാതിരിക്കാന്‍ കവിളുകളില്‍ അതേ ചുവപ്പിലൊരു വട്ടവും. ചുണ്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാനും പാട്ടുപാടാനും ഞങ്ങളേറെ വിഷമിച്ചു. ചുണ്ടില്‍ ശര്‍ക്കരപ്പാവിന്റെയും സുഗന്ധത്തിന്റെയും സാന്നിധ്യം തീര്‍ത്തും അപരിചിതമായിരുന്നു, അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. എങ്കിലും ഞാനന്ന് വളരെ ആവേശത്തിലായിരുന്നുവെന്നും പെണ്‍കുട്ടിത്തം എന്നില്‍ നിറഞ്ഞുവെന്നും ഇപ്പോഴും ഓര്‍ക്കുന്നു. ഇനിയും പറയുകയാണെങ്കില്‍, എനിക്ക് ഭംഗിയുണ്ടെന്നും അത് മറ്റുള്ളവരെ കാണിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു.
പ്രായം നിങ്ങളുടെ മുഖത്തെഴുതുന്ന ക്രൂരമായ വരകളോട് യുദ്ധം ചെയ്യാനുള്ള ആദ്യത്തെ ആയുധം മെയ്ക്കപ്പ് തന്നെ. നിങ്ങളെ മാനസികമായി ഉയര്‍ത്താനും ആത്മവിശ്വാസം പകരാനും മെയ്ക്കപ്പ് നല്ല രീതിയില്‍, അല്‍പ്പം ചാതുര്യത്തോടെ ഉപയോഗിക്കുകയാണെങ്കില്‍ കഴിയും. വിരുതുറ്റൊരു കണ്ടുപിടുത്തമായ മെയ്ക്കപ്പ് വൈദഗ്ധ്യമുള്ളവരുടെ കൈകളില്‍ ഉന്നതമായ കലയാണ്. ചിലപ്പോഴൊക്കെ മെയ്ക്കപ്പ് ആത്മവിശ്വാസത്തിന്റെ പുതിയൊരു പ്രവാഹമാവും.
സ്ത്രീക്ക് മെയ്ക്കപ്പ് വേണ്ടത് നാല്‍പ്പത് വയസ്സാവുമ്പോഴാണെന്ന് അപ്പാ പറയുമായിരുന്നു. യൌവനവും പുതുമയും പെണ്ണിന്റെ ഏറ്റവും മികച്ച സമ്പാദ്യമാണെന്ന് പഴയ തത്വശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന അപ്പാ വിശ്വസിച്ചുപോന്നു. സ്റ്റേജ് നടന്മാരായാല്‍ മാത്രമാണ് തമിഴ്നാട്ടില്‍ പുരുഷന്മാര്‍ മെയ്ക്കപ്പിടുന്നത്. പിങ്ക് നിറത്തിലുള്ള പാന്‍കേക്കും കറുത്ത ഐ-ലൈനറുകളും മിന്നുന്ന ലിപ്‌സ്റ്റിക്കുകളും ചുരുണ്ട വിഗ്ഗും നടന്മാര്‍ ധരിക്കും, അതിനവരെ ആരും കളിയാക്കില്ല. എല്ലാ തമിഴ് നടന്മാരും മെയ്ക്കപ്പ് അണിഞ്ഞിരുന്നു. എന്നാല്‍ മെയ്ക്കപ്പണിഞ്ഞു എന്നകാരണം കൊണ്ട് ആരും സുന്ദരന്മാരായില്ല. അവരില്‍ മികച്ചവര്‍ക്ക്, അധിക പ്രതീതിക്കായി വേഷവിധാനങ്ങളെയും മെയ്ക്കപ്പിനെയും മുഖംമൂടികളെയും ആശ്രയിക്കുന്ന തെരുവുനാടക പശ്ചാത്തലങ്ങള്‍ ഉണ്ടായിരുന്നു.
സൂപ്പര്‍ ഹിറ്റായ ശിങ്കാരവേലന്റെ ചിത്രീകരണത്തിന് വേണ്ടി എ വി എം സ്റ്റുഡിയോയില്‍ ഒരുക്കിയിരുന്ന സെറ്റില്‍ വച്ച് 1991 -ലാണ് ഞാന്‍ ആദ്യമായി കമലാഹാസനെ (കമല്‍ ഹാസ്സന്‍ - Kamal Hassan -ആയിരുന്നില്ല അന്ന് കമല്‍) കാണുന്നത്. സിനിമാ തീയേറ്ററില്‍ പോയി സിനിമ കാണാന്‍ എനിക്ക് അനുവാദം ലഭിച്ചത് കൌമാരപ്രായമായപ്പോഴായിരുന്നു. കൌമാരപ്രായത്തില്‍ ഞാനാദ്യം പ്രണയിച്ച നായകനാവട്ടെ, കമലും.
എനിക്ക് ഷെയ്ക്ക്-ഹാന്‍ഡ് തരുന്ന സമയത്ത് ഉയരത്തെ പറ്റി ഞാന്‍ ചോദിച്ചതിന് കമല്‍ മറുപടി തന്നു. “മാര്‍ലോണ്‍ ബ്രാന്‍ഡോ കുള്ളനായിരുന്നു, എന്നാല്‍ ഹോളിവുഡിലാരും അയാളുടെ ഉയരത്തെപറ്റി ബേജാറാവുന്നില്ല”, കമലിനെ എന്റെ ചോദ്യം ശുണ്ഠിപിടിപ്പിച്ചതായി തോന്നി. കമലില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന ലൈംഗികാകര്‍ഷകത്വത്തിലും വൃത്തിയുള്ള ഭാവവാഹാദികളിലും ഞാന്‍ കൊളുത്തിപ്പോയി. അവ്യക്തമായ ഉച്ചാരണത്തോട് കൂടിയ ഇംഗ്ലീഷില്‍ കമല്‍ ഏറെ സംസാരിച്ചു. എണ്‍പതുകളിലെ അപ്പര്‍ ക്ലാസ്സ് മദിരാശിക്കാരന്റേത് പോലെയായിരുന്നു കമലിന്റെ ഇംഗ്ലീഷ്. ഒരല്‍പ്പം വാചാലനായിരുന്നു കമല്‍. ഇടക്കിടെ പറയുന്നതില്‍ സങ്കീര്‍ണ്ണതയും കൌശലവും ഒളിഞ്ഞിരുന്നിരുന്നു. എങ്കിലും കമലിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ഉദ്ദേശ്യശുദ്ധി എനിക്കറിവുള്ളതായിരുന്നു. ആശയത്തെ പിന്തുടരുന്ന ഒരാളും അല്ലെങ്കില്‍ തന്നെത്തന്നെ പുനര്‍നിര്‍മ്മിക്കുന്ന ഒരാളും കൂടിയായിരുന്നു കമല്‍. അഭിനേതാവിനേക്കാള്‍ വലുതാണോ കമലെന്ന മനുഷ്യന്റെ വ്യക്തിത്വം? തീര്‍ച്ചയായും. ഒന്നാലോചിച്ചാല്‍ എല്ലാ സൂപ്പര്‍സ്റ്റാറുകളും അങ്ങിനെ തന്നെ.
ഏകദേശം പത്തുവര്‍ഷക്കാലത്തോളം, സാഹചര്യം ആവശ്യപ്പെടുമ്പോഴൊക്കെ, ഞങ്ങള്‍ കണ്ടുമുട്ടാറുണ്ടായിരുന്നു. ഔപചാരികവും ആത്മാര്‍ത്ഥവുമായിരുന്നു ഞങ്ങളുടെ ബന്ധം. അതൊരിക്കലും സൌഹൃദമായിരുന്നില്ല. മറ്റുള്ളവരില്‍ നിന്ന് അകല്‍ച്ച പാലിക്കുന്ന പ്രശസ്തമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, ഒരു കാലത്ത് കമല്‍ എന്റെ ഫോണ്‍ എടുക്കാറുണ്ടായിരുന്നു. രംഗാചാരി ക്ലോത്ത് സെന്ററിന് അരികിലുള്ള കമലിന്റെ വീട്ടില്‍ വച്ച് സരികയെ കാണാന്‍ കമലെന്നെ അനുവദിച്ചിട്ടുണ്ട്. ടിടികെ റോഡില്‍ ഉണ്ടായിരുന്ന, പഴയ മദ്രാസ് ഗാര്‍ഡന്‍ വീടിന്റെ മാതൃകയിലുള്ള കമലിന്റെ ഓഫീസ് പൊളിച്ചുപണിയുന്നതില്‍ എനിക്കുള്ള നിരാശ ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ തോള്‍ വെട്ടിച്ചുകൊണ്ട് കമല്‍ പറഞ്ഞു, “അതൊരു വീട് മാത്രം”. അവിടവിടെ ചിതറിക്കിടക്കുന്ന ഞങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് കമല്‍ ആശിച്ചത് എനിക്കിപ്പോഴും ഓര്‍മ്മിച്ചെടുക്കാനാവുന്നുണ്ട്. കലാപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായിയിട്ടും ചെറിയൊരു സുരക്ഷിതത്വമില്ലായ്മ കമലിന്റെ മനസ്സിനുള്ളില്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നു. വിദ്യാഭ്യാസത്തിലൂടെയുള്ള ആത്മവിശ്വാസം കമല്‍ ആഗ്രഹിച്ചിരുന്നുവെന്ന് തോന്നുന്നു.
കപടമായ ആസ്വാദനത്തെ വാനോളമുയര്‍ത്തുന്ന കല കമലിനുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ചിലപ്പോഴത് കമലിന് രുചിച്ചെന്ന് വരില്ല. ആത്മാര്‍പ്പണമുള്ള ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റെന്ന നിലയില്‍ വേഷപ്പകര്‍ച്ചകളോടും പ്രച്ഛന്നവേഷത്തിന്റെ കേവല രോമാഞ്ചത്തോടും മെയ്ക്കപ്പും ഭാവവാഹാദികളുമായുള്ള പരീക്ഷണങ്ങളോടും അടങ്ങാത്ത ആരാധനയുള്ളയാളാണ് കമല്‍. ആശയങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള കമലിന്റെ കഴിവ് അദ്വിതീയമാണ്. അതുപോലെ തന്നെ, ചെറുതും വലുതുമായതും ആത്മാര്‍ത്ഥവും ഭ്രാന്തവുമായതും അത്ഭുതപ്പെടുത്തുന്നതും വെറുപ്പിക്കുന്നതുമായതും ആയ ഈ വേഷപ്പകര്‍ച്ചകളിലും കമല്‍ മികവ് തെളിയിക്കുന്നു. ടോയ്‌ലറ്റ് തമാശ, ജുഗുപ്സാജനകമായ അഭിനയം, കപടഗൌരവം, സ്ലാപ്‌സ്റ്റിക് കോമഡി എന്നിവയുള്‍പ്പെടുന്നതാണ് കമലിന്റെ കോട്ട. സാഡിസവും മാസോക്കിസവും കലര്‍ന്ന പാതോസ് അവതരിപ്പിക്കുന്നതിനും മര്‍മ്മഭേദകമായ ശാരീരിക പീഡനം ഉപയോഗപ്പെടുത്തുന്നതിനും ഉള്ള പരിശ്രമങ്ങളിലും ശരീരത്തെ മഹത്‌വല്‍ക്കരിക്കുന്നതിനുള്ള ഫ്രോയിഡീയന്‍ ത്വരയിലും കമല്‍ ഏതാണ്ട് മെല്‍ ജിബ്സനാണ് (ബ്രേവ്‌ഹാര്‍ട്ടിലെ നായകന്‍). കാണാന്‍ സുന്ദരനായിരുന്നിട്ടും ശാരീരികമായി കമല്‍ ആകൃഷ്ടനായത് വൃത്തികെട്ട രീതിയില്‍ പ്രത്യക്ഷപ്പെടുന്നതിലാണ്.
“എന്തുകൊണ്ട്” ഞാന്‍ ചോദിച്ചു.
“ഇവിടെ നാര്‍സിസിസം പ്രവര്‍ത്തിക്കുന്നു” കമല്‍ എങ്കോണിച്ചൊരു ഉത്തരം പറഞ്ഞു
രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും മതപരവും ചരിത്രപരവുമായ കാര്യങ്ങളോട് മല്ലയുദ്ധം നടത്തുന്ന കലാകാരനെ സംബന്ധിച്ചിടത്തോളം ദശാവതാരം എന്നത് ഗംഭീര ആശയം തന്നെ. എങ്ങനെ, എന്തുകൊണ്ട്, ആര് എന്നിങ്ങനെ സമുന്നതങ്ങളായ തത്വചിന്താ ചോദ്യങ്ങള്‍ ഈ സിനിമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിലുള്ളത് കായോസ് തിയറിയും ബട്ടര്‍ഫ്ലൈ ഇഫക്റ്റുമാണ് എന്നാണ് ചിലര്‍ പറയുന്നത്. കൃത്രിമത്വവും കപടാസ്വാദനവും നാടകീയതയും വര്‍ണ്ണാഭയുമാണ് ഇതിലുള്ളത്. ഗംഭീരമായ നട കൊണ്ടും വിദൂര ദര്‍ശനം കൊണ്ടും ഇതിനെ ഒരുക്കിക്കളയാന്‍ ഈ സിനിമയാഗ്രഹിക്കുന്നു. സങ്കടകരമെന്ന് പറയട്ടെ, മധ്യവയസ്സിനെയും തൂങ്ങുന്ന മാംസത്തെയും ശുഷ്കമായ മുടിയെയും അംഗീകരിക്കാന്‍ കഴിയാത്ത, ഓരോ ട്രിക്കും തന്റെ അഹങ്കാരോന്മാദത്തെ ആവാഹിക്കാന്‍ പരിശ്രമിക്കുന്ന, നായകനാല്‍ ഈ സിനിമ സ്വാഭാവികമായ ജലമരണത്തിലേക്ക് വീണിരിക്കുന്നു. ഇതിലെ വേഷങ്ങളും പ്രേതരാത്രിക്ക് അനുയോജ്യമായ വ്യത്യസ്ത മുഖംമൂടികളും ഈ തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഫലമായി, ട്രിക്കുകളുടെ അല്ലെങ്കില്‍ ട്രീറ്റുകളുടെ നിമിഷങ്ങളും അഭിനയവും അല്‍പമാത്രമായിപ്പോയി. അമിതാഭിനയത്താല്‍ ഒരു ഗംഭീര ആശയം ഉരുകിപ്പോയി.
നായകന്‍, പുഷ്പകവിമാനം, അന്‍പേ ശിവം, മൈക്കേല്‍ മദന കാമരാജന്‍ എന്നിവയടക്കമുള്ള ഒട്ടേറെ സിനിമകളില്‍ ആകാംക്ഷയുണര്‍ത്തുന്ന തീമുകളും കവരുന്ന പ്രകടനവുമായി വന്ന പ്രതിഭാശാലിയായ ഒരു നടനില്‍ നിന്ന് പുറത്തുവന്ന ദശാവതാരം, കഷ്ടമെന്ന് പറയട്ടെ, സങ്കടകരമായൊരു പരീക്ഷണമാണ്, പ്രായത്തെ സ്വാശീകരിക്കാന്‍ കഴിയാത്ത ഒരു നടനില്‍ നിന്നുള്ള വിഫലശ്രമം!
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍